Saturday 27 June 2015

Reading Day Clebration


             വായനയെ ഓര്‍മ്മപ്പെടുത്തി വായനാദിനം

  മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.

മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം.ഇന്ന് വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. 

വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്. വായനാദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു.വായനാവാരത്തോടനുബന്ധിച്ച് ഞങ്ങള്‍ കുട്ടികളെ പുസ്തകങ്ങളുമായി ഏറെ അടുപ്പിച്ചു.പുസ്തക പ്രദര്‍ശനം,പി.എന്‍ പണിക്കര്‍ അനുസ്മരണം,വായനാമത്സരം,വായനാമൂല ക്രമീകരണം,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.കുട്ടികള്‍ വായിച്ച പുസ്തകങ്ങളുടെ വായനാ കുറിപ്പുകള്‍ തയ്യാറാക്കി.മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു.






No comments:

Post a Comment